തലയോലപ്പറമ്പ്: തലയോലപ്പറമ്പിൽ പ്ലസ് ടു വിദ്യാർഥിനി പുഴയിൽ ചാടി മരിച്ചു. വെട്ടിക്കാട്ടുമുക്ക് കുഴിയന്തടത്തിൽ കുഞ്ഞുമോൻ (പൗലോസ്)- മോളി ദമ്പതികളുടെ മകൾ ജിൻസിയാണ് (16) മരിച്ചത്. വെള്ളിയാഴ്ച പുലർച്ചയാണ് സംഭവം. വെട്ടിക്കാട്ടുമുക്ക് പാലത്തിൽ മുകളിൽനിന്ന് മൂവാറ്റുപുഴയാറിലേക്ക് ചാടുകയായിരുന്നു. തിരുവനന്തപുരം നവോദയ സ്കൂൾ പ്ലസ് ടു വിദ്യാർഥിനിയാണ്. വെള്ളിയാഴ്ച പുലർച്ച തിരുവനന്തപുരത്തേക്ക് മടങ്ങിപ്പോകാനിരിക്കെയാണ് സംഭവം. വീട്ടുകാരോടൊപ്പം ഭക്ഷണം കഴിച്ചുകിടന്നശേഷം പെൺകുട്ടി ആരെയും അറിയിക്കാതെ പുറത്തേക്ക് പോവുകയായിരുന്നു.
പെൺകുട്ടി പാലത്തിലൂടെ നടന്നുവന്ന് പുഴയിലേക്ക് ചാടുന്നത് ഓട്ടം കഴിഞ്ഞു തിരിച്ചെത്തിയ അയൽവാസിയായ ഡ്രൈവർ കണ്ടിരുന്നു. ഡ്രൈവർ ഉടൻ പൊലീസിലും അഗ്നിരക്ഷാസേനയെയും വിവരം അറിയിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിൽ പുലർച്ച 2.30ഓടെ മൃതദേഹം കണ്ടെത്തി. സഹോദരങ്ങൾ: ജിൻസ് കെ. പൗലോസ് (ഐ.ടി.ഐ വിദ്യാർഥി), ജിൻസൺ (മൂന്നാം ക്ലാസ് വിദ്യാർഥി).