പാണ്ടിക്കാട്: പട്ടിക്കാട്-വടപുറം സംസ്ഥാനപാതയിലെ കൊണ്ടിപറമ്പിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ പാണ്ടിക്കാട് ചെമ്പ്രശ്ശേരി താലപ്പൊലിപ്പറമ്പിലെ അമ്പലവൻ ഫായിസാണ് (27) മരിച്ചത്. വ്യാഴാഴ്ച രാത്രി 11.30ഓടെയായിരുന്നു അപകടം. പെരിന്തൽമണ്ണയിൽനിന്ന് പാണ്ടിക്കാട്ടേക്ക് വരുകയായിരുന്ന ഫായിസ് കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ നിന്നെത്തിയ ലോറിയിൽ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
ഫായിസിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ആർപ്പിനിക്കുന്ന് സലഫി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. പിതാവ്: മുഹമ്മദ്. മാതാവ്: സാജിദ.