കോട്ടക്കൽ: പറങ്കിമൂച്ചിക്കലിൽ പിഞ്ചുകുഞ്ഞുങ്ങളുടെ ദാരുണമരണം നാടിനെ കണ്ണീരിലാഴ്ത്തി. കുളത്തിൽ വീണതിനെത്തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടാമത്തെ കുട്ടിയും ശനിയാഴ്ച മരിച്ചു. കോട്ടക്കലിന് സമീപം പറങ്കിമൂച്ചിക്കൽ കുറുപ്പുംപടി ഫക്കീർ മുഹമ്മദിന്റെയും സുൽഫത്തിന്റെയും മകൾ ഫാത്തിമ മെഹറയാണ് (ഒന്നര) മരിച്ചത്. ഫാത്തിമയുടെ സഹോദരൻ മുഹമ്മദ് ഹമീം കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ശനിയാഴ്ച രാവിലെയോടെയായിരുന്നു ഫാത്തിമ മെഹറയുടെ മരണം. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് വീടിന് പിറകുവശത്തെ കുളത്തിൽ ഇരുവരും വീണത്. കുട്ടികളെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് വെള്ളക്കെട്ടിൽ അകപ്പെട്ടത് കണ്ടെത്തിയത്. തുടർന്ന് ഇരുവരെയും രക്ഷപ്പെടുത്തി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സകൾ നൽകി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മുഹമ്മദ് മുഖ്സിൽ അമീൻ, ആയിശത്തുൽ മെഹ്റ എന്നിവരാണ് ദമ്പതികളുടെ മറ്റുമക്കൾ.