കുമരകം: വൃക്ഷശിഖരം വെട്ടിമാറ്റുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണ് ഗൃഹനാഥൻ മരിച്ചു. ചെങ്ങളത്തെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവായിരുന്ന അറയ്ക്കല്‍ പി.ആര്. മാധവന്റെയും മുന്‍ പഞ്ചായത്ത് അംഗം കമലാക്ഷിയുടെയും മകനായ ജഗദീഷ് ബാബുവാണ് (62) മരിച്ചത്. ചെങ്ങളം വായനശാല കവലക്ക് സമീപം ഞായറാഴ്ച രാവിലെ 11ഓടെ വീട്ടുമുറ്റത്തെ കിണറിന് സമീപത്തെ മരത്തിന്റെ ശിഖരങ്ങൾ വെട്ടിമാറ്റുന്നതിനിടെയായിരുന്നു അപകടം. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് കരക്ക് എത്തിച്ചെങ്കിലും തലക്ക് ഗുരുതര പരിക്കേറ്റിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷാപ്പ് ജീവനക്കാരനായിരുന്ന ജഗദീഷ് സി.പി.എം വായനശാല ബ്രാഞ്ച് കമ്മിറ്റി അംഗവും കായല്‍മേഖല ചെത്തുതൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) മുന്‍ സെക്രട്ടറിയുമാണ്. ഭാര്യ: കുമരകം അക്കരച്ചിറ കുടുംബാംഗം ഷൈനി. മക്കള്‍: അമല്‍, അനുപമ.