തിരുവല്ല: മാടമുക്ക് അംഗൻവാടിയിലെ അധ്യാപികയും കുറ്റപ്പുഴ പുതുപ്പറമ്പിൽ വീട്ടിൽ പി.കെ. ശശിയുടെ ഭാര്യയുമായ മഹിളാമണിയെ (60) വീടിന്റെ അടുക്കളയിൽ കഴുത്ത് മുറിഞ്ഞ് മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെ ഏഴോടെയാണ് മൃതദേഹം കണ്ടത്. രാവിലെ ആറോടെ ഭർത്താവ് ശശിക്ക് കാപ്പി തയാറാക്കാൻ അടുക്കളയിലേക്ക് പോയതാണ് മഹിളാമണി. ഏറെ നേരമായിട്ടും കാണാത്തതിനെ തുടർന്ന് ഭർത്താവ് അടുക്കളയിൽ എത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ചനിലയിൽ കണ്ടത്. ശശി ഉടൻ സമീപത്തെ ബന്ധുവീട്ടിലെത്തി വിവരം പറഞ്ഞു. തുടർന്ന് ബന്ധുക്കൾ ചേർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മഹിളാമണിക്ക് മൂന്നാഴ്ച മുമ്പ് കോവിഡ് ബാധിച്ചതിനെ തുടർന്ന് ചില മാനസിക പ്രശ്നങ്ങൾ അനുഭവപ്പെട്ടിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: ജിതിൻ, ജിയ.