കൂത്താട്ടുകുളം: വാഹനാപകടത്തിൽ പരിക്കേറ്റ വിദ്യാർഥി മരിച്ചു. മണ്ണത്തൂര്‍ ഇലവുങ്കല്‍ വീട്ടില്‍ രോഹിത് ബി. ഏലിയാസാണ് (17) മരിച്ചത്. വഴിത്തല സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്.എസ്.എസ് വിദ്യാര്‍ഥിയായിരുന്നു. ദേശാഭിമാനി തിരുവനന്തപുരം സെൻട്രൽ ഡെസ്കിലെ ചീഫ് സബ് എഡിറ്റർ ഏലിയാസ് തോമസിന്റെയും കോലഞ്ചേരി സെൻറ് പീറ്റേഴ്സ് കോളജ് അസിസ്റ്റൻറ് പ്രഫ. ബി.ബിന്ദുവിന്റെയും മകനാണ്. 21ന് ഉണ്ടായ അപകടത്തെ തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സ്കൂട്ടർ ഓടിച്ചിരുന്ന ചേലാട്ട് ബെന്നി പൗലോസിന്റെ മകൻ ധാനു ബെന്നി (18) പരിക്കുകളോടെ ചികിത്സയിലാണ്. മണ്ണത്തൂരിൽനിന്നും ആറൂർ ബസ് സ്റ്റോപ്പിലേക്ക് പോകും വഴി ഇവർ സഞ്ചരിച്ചിരുന്ന ഹോണ്ട ആക്ടിവ സ്കൂട്ടർ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വീട്ടിലെത്തിക്കുന്ന മൃതദേഹം ചൊവ്വാഴ്ച രണ്ടിന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ സംസ്കരിക്കും.