ഗാന്ധിനഗർ(കോട്ടയം): അച്ചന്റെ ചികിത്സക്ക് അമ്മക്കൊപ്പം കോട്ടയം മെഡിക്കൽ കോളജിലെത്തിയ മകൻ കാറിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ. ഇടുക്കി കീരൂത്തോട് മൂലയിൽ തങ്കപ്പന്റെ മകൻ അഖിലാണ് (31) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് ദേഹമാസകലം പൊള്ളലേറ്റ നിലയിൽ മൃതദേഹം കാറിനുള്ളിൽ കണ്ടത്. മെഡിക്കൽ കോളജ് മോർച്ചറിക്ക് സമീപം പാർക്ക് ചെയ്തിരുന്ന കാറിൽ മൃതദേഹം കമിഴ്ന്നു കിടക്കുന്ന രീതിയിലായിരുന്നു. കാർ അകത്തുനിന്ന് പൂട്ടിയ നിലയിലുമായിരുന്നു. തിങ്കളാഴ്ച അഖിലിന്റെ അച്ഛനെ യൂറോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച ശസ്ത്രക്രിയയും തീരുമാനിച്ചിരുന്നു. തിങ്കളാഴ്ച രാത്രി ഏട്ടിന് അമ്മക്കും അച്ഛനും ഭക്ഷണം വാങ്ങി നൽകിയ ശേഷം മോർച്ചറിക്ക് സമീപം പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ കിടന്നു. ചൊവ്വാഴ്ച രാവിലെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. എന്നാൽ, ഉച്ചയായിട്ടും മകനെ കാണാതായതോടെ അമ്മ ആശുപത്രി പരിസരം മുഴുവൻ തിരഞ്ഞു. ഒടുവിൽ സുരക്ഷ ജീവനക്കാർ ആംബുലൻസ് ഡ്രൈവർമാർ എന്നിവർ നടത്തിയ തിരച്ചിലിൽ മോർച്ചറിക്ക് സമീപം കാർ കണ്ടെത്തി. കാറിനുള്ളിൽ അനക്കമില്ലാതെ ഒരാൾ കിടക്കുന്നത് കണ്ട് ഇവർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് കാറിന്റെ പൂട്ടു തകർത്ത് മൃതദേഹം പുറത്തെടുത്തു. തുടർനടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. മരണത്തിൽ ദുരൂഹതയില്ലെന്ന് ഗാന്ധിനഗർ എസ്.എച്ച്.ഒ കെ. ഷിജി പറഞ്ഞു. മരണകാരണം വിശദമായ പരിശോധനകൾക്ക് ശേഷമേ വ്യക്തമാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മാതാവ്: മോളി. സഹോദരൻ: അരുൺ. മരണത്തിൽ ദുരൂഹതയാരോപിച്ച് അഖിലിന്റെ ബന്ധുക്കൾ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി.