ആലത്തൂർ: ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായിരുന്ന യുവാവ് മരിച്ചു. ആലത്തൂർ വെസ്റ്റ് കാട്ടുശ്ശേരി പഴയ കുന്നത്ത് മില്ല് കെട്ടിടത്തിൽ ഉസനാർ മാച്ച് ഇൻഡസ്ട്രീസ് എന്ന സ്ഥാപനം നടത്തുന്ന ക്രസന്റ് ആശുപത്രിക്ക് സമീപം കണ്ണംപറമ്പ് വീട്ടിൽ യു. ഫാറൂഖിന്റെ (ആലത്തൂർ ഗ്രാമപഞ്ചായത്തംഗം) മകൻ ഷഫാസ് ഉസൻ (29) ആണ് മരിച്ചത്. ചുണ്ടക്കാട് വെസ്റ്റ് കാട്ടുശ്ശേരി സോമില്ലിന് സമീപം ബുധനാഴ്ച വൈകുന്നേരം 5.45ഓടെയായിരുന്നു അപകടം. പഴയന്നൂരിൽ നിന്ന് ആലത്തൂരിലേക്ക് പോകുന്ന സ്വകാര്യ ബസുമായാണ് ഇടിച്ചത്. എം.ബി.എ കഴിഞ്ഞ ഷഫാസ് ഉസൻ പിതാവിന്റെ കമ്പനിയുടെ മാനേജരായി ജോലി ചെയ്തു വരുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ഷഫാസിനെ ഉടനെ ആലത്തൂർ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിൽ. വ്യാഴാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ആലത്തൂർ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കും. മാതാവ്: ഷൈലജ. സഹോദരങ്ങൾ: ആഷിഫ, ആഫിഷ.