വൈപ്പിൻ: ചെമ്മീൻ കെട്ടുടമകളും സഹപ്രവർത്തകരും ചേർന്ന് ക്രൂരമായി ആക്രമിച്ച് ചെമ്മീൻ കെട്ടിൽ തള്ളിയ കെട്ടുകാവൽ തൊഴിലാളി മരണമടഞ്ഞു. നായരമ്പലം നെടുങ്ങാട് കൊച്ചുതറ വത്സനാണ് (64) മരിച്ചത്. ഭാഗിക ബോധാവസ്ഥയിൽ കഠിനമായ വേദനയിൽ മൂന്നരമാസമായി ആശുപത്രിയിൽ കഴിയുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്. ഏപ്രിൽ 13ന് രാത്രിയിലായിരുന്നു വത്സനെ സഹപ്രവർത്തകരും തൊഴിലുടമയും ചേർന്ന് ആക്രമിച്ച് വെള്ളത്തിൽ തള്ളിയത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഇയാൾ ഭാഗികമായി തളർന്ന് അബോധാവസ്ഥയിലായിരുന്നു. രാത്രി മദ്യപിച്ച് വെള്ളത്തിൽ വീണ് പരിക്കേറ്റു എന്നായിരുന്നു വീട്ടുകാർ ആദ്യം കരുതിയിരുന്നത്. എന്നാൽ, അബോധാവസ്ഥയിലായ വത്സന് മേയ് മൂന്നിന് ബോധം വീണപ്പോഴാണ് അപകടമല്ലെന്ന് അറിയുന്നത്. തുടർന്ന്, ഇയാളുടെയും ബന്ധുക്കളുടെയും മൊഴിപ്രകാരം ഞാറക്കൽ പൊലീസ് വധശ്രമത്തിന് കേസെടുക്കുകയായിരുന്നു. കോൺഗ്രസ് -ഐ നായരമ്പലം മണ്ഡലം കമ്മിറ്റിയും പരാതി നൽകിയിരുന്നു. തുടർന്ന്, സഹപ്രവർത്തകനായ നായരമ്പലം കിഴക്കേ വീട്ടിൽ ദിലീപ് കുമാറിനെ (36) ഞാറക്കൽ പൊലീസ് ആദ്യം അറസ്റ്റ് ചെയ്തു. കൂടാതെ, ഈ മാസം ഏഴിന് ചെമ്മീൻ കെട്ടുടമയായ നായരമ്പലം താന്നിപ്പിള്ളി ഫ്രാൻസിസും (56) അറസ്റ്റിലായി. ഇയാൾ ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. വത്സന്റെ സംസ്കാരം നടത്തി. ഭാര്യ: ഐഷ. മക്കൾ: വൈശാഖ്, നിഷാദ്. മരുമക്കൾ: അഞ്ജു, കാജൽ.