കോട്ടയം: മറിയപ്പള്ളിയിൽ മുട്ടത്ത് വീടിന്റെ സീലിങ് ജോലികൾക്കിടെ അന്തർസംസ്ഥാന തൊഴിലാളിയായ യുവാവ് ഷോക്കേറ്റ് മരിച്ചു. ഉത്തർപ്രദേശ് സിദ്ധാനഗർ സ്വദേശിയായ ധർമേന്ദറാണ് (34) മരിച്ചത്. ജോലിക്കിടെ ഡ്രില്ലിങ് മെഷീനിൽനിന്ന് വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 10.15ഓടെയാണ് സംഭവം. മറിയപ്പള്ളിയിലെ നിർമാണപ്രവർത്തനങ്ങളിൽ ഉപകരാർ ഏറ്റെടുത്ത കരാറുകാരനൊപ്പമായിരുന്നു ജോലി. ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചിങ്ങവനം പൊലീസ് മേൽനടപടികൾ പൂർത്തിയാക്കി. മൃതദേഹം ജില്ല ജനറൽ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.