ചിറ്റൂർ: ചിറ്റൂർ അഞ്ചാംമൈൽ പാതയിൽ വാക്കിനിച്ചള്ളയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കൊല്ലങ്കോട് നെന്മേനി കോട്ടകുറിശ്ശിയിൽ കൃഷ്ണൻകുട്ടിയുടെ മകൻ മണികണ്ഠൻ (28) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതോടെ അഞ്ചാം മൈലിലെ ഭാര്യയുടെ വീട്ടിൽ നിന്ന് ചിറ്റൂരിലേക്ക് വരികയായിരുന്ന മണികണ്ഠൻ കാൽനടയാത്രികയെ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചത്. ഗുരുതര പരിക്കേറ്റ ഇയാളെ ഉടൻ തന്നെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചിറ്റൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി.മൃതദേഹം ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാര്യ: പ്രിയ. മകൾ: സുജിമോൾ. മാതാവ്: തത്ത.