കോലഞ്ചേരി: രണ്ടരമാസം പ്രായമുള്ള പെൺകുഞ്ഞ് മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങി ശ്വാസംമുട്ടി മരിച്ചു. കിടങ്ങൂർ വടശ്ശേരിമന ഹരികൃഷ്ണൻ എൻ. നമ്പൂതിരി (ഹരികുമാർ)- രാമമംഗലം മേമുറി ആര്യപ്പിള്ളി മനയിൽ ശ്രീദേവി ദമ്പതികളുടെ മകൾക്കാണ് ദാരുണാന്ത്യം. വ്യാഴാഴ്ച പുലർച്ച 12.30ഓടെ മുലപ്പാൽ നൽകിയ ശേഷം ഉറക്കിക്കിടത്തി. 4.30ഓടെ വീണ്ടും മുലപ്പാൽ നൽകാൻ വിളിച്ചുണർത്തുമ്പോൾ അബോധാവസ്ഥയിലായിരുന്നു. ഉടൻ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുത്തൻകുരിശ് പൊലീസ് മേൽനടപടി സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം ശ്രീദേവിയുടെ കുടുംബവീട്ടുവളപ്പിൽ സംസ്കാരം നടത്തി. വിവിധ ക്ഷേത്രങ്ങളിൽ ശാന്തിയായി ജോലി നോക്കുന്ന ഹരികൃഷ്ണൻ, പാങ്കോട്ടിൽ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപം ജ്യോതിഷാലയം നടത്തുകയാണ്. സമീപത്ത് രണ്ട് മാസമായി വാടകക്ക് താമസിച്ചിരുന്നു. ദമ്പതികളുടെ അഞ്ചാമത്തെ കുട്ടിയാണ്.