ഗാന്ധിനഗർ: കുടയംപടിയിൽ ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. അയ്മനം പെരുമന കോളനിയിൽ കാഞ്ഞിരം മൂട്ടിൽ വിജിത് വിജയനാണ് (30) മരിച്ചത്. വെള്ളിയാഴ്ച പുലർച്ച ഒന്നേകാലോടെയായിരുന്നു അപകടം.
കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ഓട്ടോഡ്രൈവറായ വിജിത്ത് ഓട്ടത്തിനുശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുടയംപടി ഭാഗത്ത് ഓട്ടോ മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. വിജിത്ത് ഓട്ടോറിക്ഷയുടെ അടിയിൽപെട്ടു. അമിതവേഗത്തിൽ എതിരെ വന്ന കാർ വെട്ടിച്ചതിനെ തുടർന്ന് ഓട്ടേയിൽ ഇടിച്ചാണ് അപകടം എന്നും പറയുന്നു. സമീപവാസികൾ അറിയിച്ചതിനെ തുടർന്ന് വെസ്റ്റ്പൊലീസ് എത്തിയാണ് വിജിത്തിനെ ഓട്ടോറിക്ഷയുടെ അടിയിൽ നിന്നെടുത്ത് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. അപകടം എങ്ങനെ സംഭവിച്ചെന്നറിയാൻ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. വിജിത്തിന്റെ പിതാവ് വിജയൻ ലോട്ടറി വിൽപനക്കാരനാണ്. മാതാവ്: കുഞ്ഞുമോൾ. ഭാര്യ: ചിഞ്ചു. 16 ദിവസം പ്രായമായ കുഞ്ഞുണ്ട്. വാർക്കപ്പണിക്കാരനായിരുന്ന വിജിത്ത് ഒരു മാസം മുമ്പാണ് പഴയ ഓട്ടോറിക്ഷ വാങ്ങി ഓടിക്കാൻ തുടങ്ങിയത്. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് മുട്ടമ്പലം ശ്മശാനത്തിൽ.