ഒറ്റപ്പാലം: വാഹനാപകടത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന ‘മാധ്യമം’ മുൻ ഏജൻറ് എസ്.ആർ.കെ നഗർ പ്ലാച്ചിക്കുഴിയിൽ ശ്രീകുമാരൻ (സുന്ദരൻ-56) നിര്യാതനായി. തിങ്കളാഴ്ച വൈകുന്നേരം ആറോടെ മനിശ്ശേരിക്ക് സമീപമായിരുന്നു അപകടം.
ശ്രീകുമാരൻ സഞ്ചരിച്ച സ്കൂട്ടറിൽ മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടം. തലക്ക് ഗുരുതര പരിക്കേറ്റ ശ്രീകുമാരനെ ആദ്യം വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എറണാകുളത്തെ ആശുപത്രിയിൽ ചികിത്സ തുടരുന്നതിനിടയിൽ വൈകുന്നേരം 4.15ഓടെയായിരുന്നു അന്ത്യം. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ശനിയാഴ്ച വീട്ടിലെത്തിച്ച ശേഷം സംസ്കാരം നടത്തും. ഭാര്യ: സീന. മക്കൾ: സുജിത്ത് (മിലിട്ടറി), ശ്രീജിത്ത്, സായി ഗോപൻ. മരുമകൾ: അഞ്ജലി.