പട്ടാമ്പി: കൊപ്പം-പേങ്ങാട്ടിരി പാതയിലെ വണ്ടുംതറയിൽ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. അരീക്കോട് ചേലക്കോടൻ അബ്ദുസ്സലാം മദനിയുടെ മകൻ മുഹമ്മദ് ഉവൈസാണ് (21) മരിച്ചത്. മോളൂർ മസാലിഹുൽ ഇസ്ലാം ദഅ്വ കോളജ് രണ്ടാംവർഷ ബിരുദ വിദ്യാർഥിയായിരുന്നു. വെള്ളിയാഴ്ച രാവിലെ ആറോടെ കൊപ്പത്തുനിന്ന് മുളയങ്കാവ് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും എതിരെ വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. നാട്ടുകാർ ഉവൈസിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത് ബന്ധുക്കൾക്ക് വിട്ടുനൽകി. മാതാവ്: അസ്മാബി. സഹോദരങ്ങൾ: മുജ്തബ സിനാൻ, അഹ്മദ് ഹിദാഷ്, ഖദീജത്തുന്നാസിഹ, ഫാത്തിമത്തു ഫാഇസ, ആയിശത്തു സമാഹ. വൈകീട്ട് ആറുമണിയോടെ ചെമ്രക്കാട്ടൂർ വല്ലയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തി.