പറവൂർ: സ്വകാര്യ ബസ്സ്റ്റാൻഡിന് പിന്നിൽ ടൗൺ ജുമാമസ്ജിദിന് സമീപമുള്ള മുസ്രിസ് ബസാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മലപ്പുറം കുറ്റിപ്പുറം കൂലോത്ത് പ്രശാന്താണ് (58) മരിച്ചത്. വ്യാഴാഴ്ച രാവിലെ റോഡിലൂടെ പോയ ആളുകളാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. സംഭവ സ്ഥലത്തെ ബാഗിൽനിന്ന് ലഭിച്ച ആശുപത്രി ശീട്ടിൽനിന്ന് പ്രശാന്ത് എന്ന പേരും വിലാസവും ലഭിച്ചെങ്കിലും മരിച്ചത് ശീട്ടിൽ കണ്ട പേരുകാരൻ തന്നെയാണെന്ന് ഉറപ്പിക്കാൻ പൊലീസിന് കഴിഞ്ഞില്ല. കുറ്റിപ്പുറം പൊലീസിനെ വിവരമറിയിച്ചതിനെത്തുടർന്നാണു വീട്ടുകാർ എത്തിയത്. കൂലിവേല ചെയ്തിരുന്ന ഇയാൾ 2018ൽ വീടുവിട്ടിറങ്ങിയതാണ്. ഒന്നര വർഷം പറവൂരിലെ സ്വകാര്യ ബസ്സ്റ്റാൻഡിലുള്ള കംഫർട്ട് സ്റ്റേഷനിൽ ജീവനക്കാരനായി ജോലി ചെയ്തു. പിന്നീടു ഇടക്ക് വലപ്പോഴും മാത്രമേ ഇവിടെ വരാറുണ്ടായിരുന്നുള്ളൂ ജില്ലയിലെ ബസ്സ്റ്റാൻഡുകളിലാണ് ഇയാൾ രാത്രി കിടന്നുറങ്ങിയിരുന്നത്. എറണാകുളം മെഡിക്കൽ കോളജിലെത്തിയ ബന്ധുക്കൾ പ്രശാന്തിന്റെ കാലിൽ ഉണ്ടായ മുറിവിന്റെ പാട് തിരിച്ചറിഞ്ഞു. ആത്മഹത്യയാണെന്നു പൊലീസ് സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭാര്യ: പത്മാവതി വിദേശത്താണ്. മക്കൾ: പ്രബിത, പ്രണവ്, പ്രവീൺ.