ആലുവ: ജോലിക്കിടെ ട്രാഫിക് എസ്.ഐ കുഴഞ്ഞുവീണ് മരിച്ചു. ആലുവ ട്രാഫിക് യൂനിറ്റിലെ ഗ്രേഡ് എസ്.ഐ വിനോദ് ബാബുവാണ് (52) മരിച്ചത്. മുഖ്യമന്ത്രിയുടെ സുരക്ഷ ഡ്യൂട്ടിക്കിടെ വെള്ളിയാഴ്ച രാവിലെ 11.15ഓടെ ദേശീയപാതയിൽ ബൈപാസിലെ ട്രാഫിക്ക് സിഗ്നൽ കാബിൻ ഡ്യൂട്ടിക്കിടെയാണ് സംഭവം. നജാത്ത് ആശുപത്രിഭാഗത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് യൂനിറ്റിലെ സി.പി.ഒ ബിപിൻ ജോയി കാബിനിൽ എത്തിയപ്പോൾ നെഞ്ചിന് ചെറിയ അസ്വസ്ഥതയുണ്ടെന്നും ചായകുടിച്ചിട്ട് വരാമെന്നുപറഞ്ഞ് താഴേക്കിറങ്ങിയതാണ് വിനോദ് ബാബു. ഇതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ സമീപത്തെ നജാത്ത് ആശുപത്രിയിലെത്തിച്ചു. തുടർന്ന് ചുണങ്ങംവേലി രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. ഉച്ചക്ക് 1.05ഓടെ മരണം സ്ഥിരീകരിച്ചു.
പെരുമ്പാവൂർ കീഴില്ലം ക്ഷേത്രത്തിന് സമീപം അറയ്ക്കൽ വീട്ടിൽ വിനോദ് ബാബു രണ്ടുവർഷമായി ആലുവ ട്രാഫിക് യൂനിറ്റിലാണ് ജോലിചെയ്യുന്നത്. മൃതദേഹം ശനിയാഴ്ച രാവിലെ ഒമ്പതിന് ആലുവ ട്രാഫിക് യൂനിറ്റിൽ ഒരുമണിക്കൂർ പൊതുദർശനത്തിനുവെക്കും. തുടർന്ന് വീട്ടിലേക്ക് കൊണ്ടുപോകും. വൈകീട്ട് മൂന്നിന് വീട്ടുവളപ്പിലാണ് സംസ്കാരം. ഭാര്യ: സിന്ധു. മകൻ: രോഹിത് (അവസാനവർഷ ബിരുദ വിദ്യാർഥി, ശ്രീശങ്കര വിദ്യാപീഠം, ഐരാപുരം).