അടിമാലി: കല്ലാർകുട്ടി പുതിയ പാലത്തിനുസമീപം വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി. മുക്കുടം അഞ്ചാംമൈൽ കൊല്ലപ്പിള്ളിൽ ബാബുവിനെയാണ് (63) ശനിയാഴ്ച വൈകീട്ട് മൂന്നോടെ മുഖത്താകെ ചോര വാർന്ന നിലയിൽ റോഡരികിൽ കണ്ടെത്തിയത്. നാട്ടുകാർ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുഴഞ്ഞുവീണപ്പോൾ തലയടിച്ച് വീണതാണോ ഏതെങ്കിലും വാഹനം ഇടിച്ചതാണോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല. സുഹൃത്തിന്റെ തൊട്ടടുത്ത കൃഷിയിടത്തിൽ ജോലി കഴിഞ്ഞു മടങ്ങിവരവെയായിരുന്നു അപകടം. ഭാര്യ: പനംകുട്ടി ഇലവുങ്കൽ കുടുംബാംഗം ശ്യാമള. മക്കൾ: ആശ, അനുമോൾ, ഐശ്വര്യ. മരുമക്കൾ: സുധീഷ്, ദീപക്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.