അയ്മനം: സഹോദരിയുടെ വീട്ടിൽ വിരുന്നുവന്ന് കാണാതായ ആളുടെ മൃതദേഹം ആറ്റിൽ കണ്ടെത്തി. ഇരിങ്ങാലക്കുട പുല്ലൂർ വടക്കുംകര പറമ്പിൽ സുനിൽ കേശവനാണ് (52 ) മരിച്ചത്. അയ്മനം ആറാട്ടുകടവിനു സമീപം മണവത്ത് അനൂപ് ഭവനിൽ വാടകക്കു താമസിക്കുന്ന സഹോദരിയുടെ വീട്ടിൽ എത്തിയതായിരുന്നു ഇയാൾ. വെള്ളിയാഴ്ച രാത്രി ഭക്ഷണം കഴിഞ്ഞ് കുടുംബാംഗങ്ങളോടൊത്ത് ടെലിവിഷൻ പരിപാടികൾ കണ്ട ശേഷം ഉറങ്ങാൻ കിടന്ന ഇയാളെ രാവിലെ മുതൽ കാണാതാകുകയായിരുന്നു. തുടർന്ന് വീട്ടുകാർ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഞായറാഴ്ച രാവിലെയാണ് അയ്മനം പ്രാപ്പുഴ ഭാഗത്ത് മീനച്ചിലാറ്റിലൂടെ മൃതദേഹം ഒഴുകിവരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. കാലിനു സ്വാധീനമില്ലാത്തയാളും ഹൃദ്രോഗത്തിനു മരുന്ന് കഴിക്കുന്നയാളുമാണ് സുനിൽ കേശവൻ.