ചെങ്ങന്നൂർ: എം.സി റോഡിൽ മുളക്കുഴയിൽ മൂന്ന് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തിരുവനന്തപുരം സ്വദേശിയായ യുവാവ് മരിച്ചു. തിരുവനന്തപുരം കോട്ടക്കകത്ത് എഫ്.ആർ.എ 23, ഫോർട്ട് സ്കൂളിനു എതിർവശം രാമജ്യോതിയിൽ വീട്ടിൽ പരേതനായ ആർ. സുബ്രഹ്മണ്യൻ-വി. പാർവതി ദമ്പതികളുടെ മകനും പിറവം ചിന്മയ യൂനിവേഴ്സിറ്റിയിൽ മീഡിയ മാനേജറുമായ ശ്രീകാന്താണ് (32) മരിച്ചത്. ശനിയാഴ്ച രാത്രി 11.30ന് എം.സി റോഡിൽ മുളക്കുഴ ഊരിക്കടവ് സി.സി പ്ലാസക്ക് തെക്കുവശത്തുവെച്ചായിരുന്നു അപകടം. പിറവത്തുനിന്ന് തിരുവനന്തപുരത്തേക്കുപോയ ശ്രീകാന്തിന്റെ കാറും എതിരെ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ എതിർദിശയിലേക്ക് തിരിഞ്ഞ ശ്രീകാന്തിന്റെ കാറിൽ പിന്നാലെ വന്ന മറ്റൊരു കാറും ഇടിച്ചു. മൂന്നു കാറുകളും സമീപത്തെ മതിലിൽ ഇടിച്ചാണ് നിന്നത്. ഭാര്യ: ശ്രീവിദ്യ ശ്രീകാന്ത്. സഹോദരങ്ങൾ: സുബ്രഹ്മണ്യൻ, ശ്രീറാം. സംസ്കാരം തിങ്കളാഴ്ച കരമന ശ്മശാനത്തിൽ.