ആറാട്ടുപുഴ: ജീവൻ രക്ഷിക്കാൻ നാടൊന്നാകെ നടത്തിയ പ്രാർഥനയും പരിശ്രമങ്ങളും വിഫലമാക്കി കുഞ്ഞ് വൈശാഖ് വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി.
ആറാട്ടുപുഴ മംഗലം തറയിൽ പുതുവൽ വിജേഷിന്റെയും കാർത്തികയുടെയും മകനായ വൈശാഖിന്റെ (നാലര) ജീവൻ രക്ഷിക്കാൻ മജ്ജ മാറ്റിവെക്കൽ ശസ്തക്രിയ നടത്തണമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. ഭാരിച്ച ചെലവ് വഹിക്കാൻ ഗതിയില്ലാതെ വിഷമിച്ച കുടുംബത്തിന് നാട്ടുകാർ കരുണയുടെ കൈത്താങ്ങായി. ഒരു മനസ്സോടെ രംഗത്തിറങ്ങിയ ആറാട്ടുപുഴ ഗ്രാമം കുഞ്ഞ് ജീവൻ രക്ഷിക്കാൻ ലക്ഷങ്ങൾ സമാഹരിച്ച് നൽകി. രണ്ട് മാസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെടാത്തതിനാൽ ഓപറേഷൻ വൈകുകയായിരുന്നു. പെട്ടെന്നുണ്ടായ ശ്വാസ തടസ്സത്തെ തുടർന്നാണ് കഴിഞ്ഞ ദിവസം വൈശാഖ് വിടവാങ്ങിയത്.
ജീവിതത്തിലേക്ക് തിരികെ വരുമെന്ന് പ്രതീക്ഷിച്ച നാടിനെ നൊമ്പരത്തിലാക്കിയാണ് വൈശാഖിന്റെ മടക്കം