വടക്കഞ്ചേരി: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് പരിക്കേറ്റ തൊഴിലാളി ചികിത്സയിലിരിക്കെ മരിച്ചു. കിഴക്കഞ്ചേരി പറശ്ശേരി കിഴക്കേകുളമ്പ് വേലായുധാണ് (52) മരിച്ചത്. ഞായറാഴ്ച രാവിലെ കരിങ്കയം ഫോറസ്റ്റ് സ്റ്റേഷന് സമീപമായിരുന്നു സംഭവം. തലക്ക് ഗുരുതര പരിക്കേറ്റ് നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് മരിച്ചത്. പറശ്ശേരിയിൽനിന്ന് വട്ടപ്പാറയിലേക്ക് റബർ ടാപ്പിങ്ങിന് പോകുന്നതിനിടെയാണ് അപകടം. മൃതദേഹം നെന്മാറ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ചൊവ്വാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിക്കും. ഭാര്യ: ചെമ്പകം. മക്കൾ: ജിസ്മി, ജിസ്ന. മരുമകൻ: വിനീഷ്. സഹോദരങ്ങൾ: ചന്ദ്രൻ, മാധവൻ.