കൊല്ലം: സ്വാതന്ത്ര്യസമരസേനാനിയും സി.പി.ഐ നേതാവുമായിരുന്ന ഉളിയക്കോവില്‍ ജനകീയ നഗര്‍ 20ല്‍ ‘മിക്കി’ ഭവനത്തില്‍ ജനയുഗം വി. ഭാസ്കരന് (97) നിര്യാതനായി. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സ്വാതന്ത്ര്യസമര പെന്ഷന് ജില്ലയില്‍ ലഭിക്കുന്ന ഏക വ്യക്തിയാണ് ഭാസ്കരന്. ജനയുഗത്തിലെ ജീവനക്കാരനായിരുന്നു. ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്ത അദ്ദേഹം പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. ഒളിവിലിരുന്ന എം.എന്‍. ഗോവിന്ദന്‍നായര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ രഹസ്യസന്ദേശം എത്തിക്കുന്ന കൊറിയര്‍ ആയിരുന്നു. പുന്നപ്ര വയലാര്‍ സമരത്തെ തുടര്‍ന്ന് ജനകീയ പ്രതിഷേധം കത്തിപ്പടര്‍ന്ന നാളുകളില്‍ എ.ആര് ക്യാമ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോസ്റ്റര്‍ പതിക്കാന്‍ ധൈര്യം കാട്ടിയ ആളായിരുന്നു. ഇതേതുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിന് ‘വാള്‍പോസ്റ്റ് ഭാസ്കരന്’ എന്ന് പേരിട്ടു. തിരുവിതാംകൂര്‍ ട്രേഡ് യൂനിയന്‍ കോണ്‍ഗ്രസില്‍ അംഗമായിരുന്ന അദ്ദേഹം കശുവണ്ടിത്തൊഴിലാളികളുടെ നിരവധി സമരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. പൊലീസിന്റെ ക്രൂരമര്‍ദനത്തിന് ഇരയായ അദ്ദേഹം ജയില്‍ വാസവും അനുഭവിച്ചു. ക്വിറ്റ് ഇന്ത്യ സമര വാര്‍ഷികത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ ആദരവ് ഏറ്റുവാങ്ങിയിട്ടുണ്ട്. സംസ്കാരം ഔദ്യോഗിക ബഹുമതിയോടെ പോളയത്തോട് ശ്മശാനത്തില്‍ നടത്തി. ഭാര്യ: അംബുംജാക്ഷി. മക്കള്‍: വിജയമ്മ, ഉഷ, രാഗിണി (ജനയുഗം), മോളി, ജയകുമാര്‍, ഗോപകുമാര്‍. മരുമക്കള്‍: പരേതനായ ഭാസ്കരന്, തിലകന്, സുരേഷ്ബാബു, ദേവരാജന്‍, ഗീത, ബീന. മരണാനന്തര ചടങ്ങ് എട്ടിന്. സര്‍ക്കാറിനുവേണ്ടി മന്ത്രി ജെ. ചിഞ്ചുറാണിയും ജില്ല ഭരണകൂടത്തിന് വേണ്ടി കലക്ടര്‍ അഫ്സാന പര്‍വീണും റീത്ത് സമര്‍പ്പിച്ചു.