മാനന്തവാടി: ടിപ്പർ ലോറിയുടെ കാരിയര്‍ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് ഡ്രൈവർ മരിച്ചു. കോഴിക്കോട് മാവൂര്‍ കുറ്റിക്കടവ് നാലുകണ്ടത്തില്‍ വീട്ടില്‍ എന്‍.കെ. അബ്ദുൽ ജബ്ബാറാണ് (41) മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്തോടെ തൊണ്ടർനാട് വാളാംതോടിലായിരുന്നു സംഭവം. തൊണ്ടർനാട് വാളാംതോട് ക്രഷറിന് അൽപം ദൂരെയായി ടിപ്പർ നിർത്തിയിട്ടശേഷം കാരിയറിനുള്ളിലെ വെള്ളം ഒഴിവാക്കുന്നതിനായി ഉയർത്തിയപ്പോഴാണ് അപകടമുണ്ടായത്. ലോഡ് എടുക്കുന്നതിനു മുമ്പായി കെട്ടിക്കിടന്ന മഴവെള്ളം കളയുന്നതിന് കാരിയർ ഉയർത്തിയശേഷം ജബ്ബാർ വാഹനത്തിൽനിന്ന് ഇറങ്ങി.
കാരിയർ മുഴുവനായും പൊങ്ങിയശേഷം താഴ്ത്തുന്നതിനായി തിരികെ വാഹനത്തിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. ടിപ്പറിന്റെ കാരിയർ മുകളിലുള്ള 11 കെ.വി വൈദ്യുതിലൈനിലാണ് തട്ടിയത്. ഇതറിയാതെയാണ് ജബ്ബാർ വാഹനത്തിലേക്കു കയറാൻ ശ്രമിച്ചത്. ഷോക്കേറ്റുള്ള വീഴ്ചയിൽ ജബ്ബാറിന്റെ തല ഡീസൽ ടാങ്കിന് ഇടിച്ചും പരിക്കേറ്റു. ഉടൻ മാനന്തവാടി മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. കുറ്റ്യാടി-നിരവിൽപുഴ റോഡിനു സമീപത്തായുള്ള വാളാംതോടിലെ ക്രസ്റ്റോണ് ക്രഷറില്‍നിന്ന് കല്ലുകൊണ്ടുപോകുന്നതിനായി രണ്ടു ദിവസം മുമ്പാണ് ജബ്ബാർ ടിപ്പർ ലോറിയുമായി എത്തിയത്.
തൊണ്ടര്‍നാട് എസ്.ഐ എന്‍. അജീഷ്കുമാറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കോൺഗ്രസ് മാവൂർ പഞ്ചായത്ത് രണ്ടാം വാർഡ് സെക്രട്ടറിയും യു.ഡി.എഫ് വാർഡ് ചെയർമാനുമാണ്. കുറ്റിക്കടവ് നാലുകണ്ടത്തില്‍ വീട്ടില്‍ പരേതനായ എന്‍.കെ. ഹുസൈനിന്റെയും സൈനബയുടെയും മകനാണ്. ഭാര്യ: ഫാസില. മക്കള്‍: ജെല്‍വ, നസ്വ, സയാന്. സഹോദരങ്ങള്‍: സുലൈഖ, സല്‍മത്ത്, സുബൈര്‍, ഷബീര്‍.