അമ്പലപ്പുഴ: സ്കൂട്ടറിൽ ഭക്ഷണം വാങ്ങാൻ പോയ ഓട്ടോറിക്ഷ ഡ്രൈവർ കാറിടിച്ചു മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് എട്ടാം വാർഡ് വാളത്താറ്റുമഠത്തിൽ (കാണ്ടാപ്പള്ളി) വാടകക്കു താമസിക്കുന്ന ചന്ദ്രചൂഡാമണി മലരാണ് (30) മരിച്ചത്. പനയക്കുളങ്ങര ജങ്ഷനിലെ ഓട്ടോ ഡ്രൈവറാണ്. ദേശീയപാതയിൽ അറവുകാട് ജങ്ഷന് സമീപം വ്യാഴാഴ്ച രാത്രി 10ഓടെയായിരുന്നു അപകടം. എതിർദിശയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും പുന്നപ്ര പൊലീസും ചേർന്ന് ഇദ്ദേഹത്തെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. പരേതനായ പത്മനാഭന്- പൊന്നമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഗോപാലകൃഷ്ണൻ, മഞ്ജു (ശ്രീദേവി).