കറുകച്ചാൽ: വീട്ടുമുറ്റത്ത് മീൻ വളർത്തിയിരുന്ന പടുതക്കുളത്തിൽ വീണ് ഒന്നര വയസ്സുകാരി മുങ്ങി മരിച്ചു. ചമ്പക്കര കാരയ്ക്കാട്ടുകുന്ന് വൃന്ദാവനത്തിൽ രജിതിന്റെ മകൾ വൈക രജിത് രാജാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ഏഴരയോടെയാണ് സംഭവം. മുറ്റത്ത് നിന്ന കുട്ടിയെ ആറരക്ക് ശേഷം കാണാതായി. വീട്ടുകാർ സമീപത്തെ വീടുകളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിനോട് ചേർന്ന പടുതക്കുളത്തിൽ കുട്ടിയെ മുങ്ങിത്താഴ്ന്ന നിലയിൽ കണ്ടെത്തി. ഉടൻ കറുകച്ചാലിലെയും തുടർന്ന് ചെത്തിപ്പുഴയിലെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ. മാതാവ്: ശരണ്യ (ഗവ. എംപ്ലോയീസ് സഹകരണ ബാങ്ക്, വൈക്കം). സഹോദരി: വൈഷ്ണവി (10). സംസ്കാരം വീട്ടുവളപ്പിൽ.