കൊച്ചി: പ്രശസ്ത സാമ്പത്തിക വിദഗ്ധൻ പ്രഫ. കെ.കെ. ജോർജ് (82) അന്തരിച്ചു. കൊച്ചി ആസ്ഥാനമായ സ്വതന്ത്ര ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ സോഷ്യോ-എക്കണോമിക് ആൻഡ് എൻവയൺമെന്റൽ സ്റ്റഡീസ് (സി.എസ്.ഇ.എസ്) ചെയർമാനാണ്. പബ്ലിക് ഫിനാൻസിലും കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിലും രാജ്യത്തെ വിദഗ്ധരിൽ ഒരാളായിരുന്നു. ദേശീയ അന്തർദേശീയ തലത്തിൽ വിവിധ ജേണലുകളിലും മാസികകളിലും നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ വികസനമാതൃക സംബന്ധിച്ച അദ്ദേഹത്തിന്റെ കൃതി ഏറെ ശ്രദ്ധേയമാണ്. ആലുവ യു.സി കോളജ്, മദ്രാസ് ക്രിസ്ത്യൻ കോളജ് എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കി. കൊച്ചി സർവകലാശാലയിൽനിന്നാണ് പിഎച്ച്.ഡി നേടിയത്. പത്തനംതിട്ട കാതോലിക്കറ്റ് കോളജിൽ അധ്യാപകനായി ജോലി ആരംഭിച്ചു. എസ്.ബി.ഐയിലും തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിലും പ്രവർത്തിച്ചു. പിന്നീട് കൊച്ചി സർവകലാശാലയിൽ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ ചേർന്ന് ഡയറക്ടറായി 2020ൽ വിരമിച്ചു. ഭാര്യ: ഷേർളി (റിട്ട. ബി.എസ്.എൻ.എൽ). മക്കൾ: ജസ്റ്റിൻ (ബിസിനസ്), ജീൻ (അബൂദബി), ഡോ. ആൻ ജോർജ് (യു.സി കോളജ് ആലുവ). മരുമക്കൾ: പ്രഫ. സുമി (സെന്റ് തോമസ് കോളജ്, കോഴഞ്ചേരി), എബ്രഹാം വർഗീസ് (അബൂദബി), ഡോ. അറിവഴകൻ (സെന്റ് സേവ്യേഴ്സ് കോളജ്, പാളംകോട്ട). മരണാനന്തര ശുശ്രൂഷ വെള്ളിയാഴ്ച വൈകീട്ട് ആലുവ തോട്ടക്കാട്ടുകരയിലെ ഐശ്വര്യ ലെയിനിലെ സ്വവസതിയിൽ ആരംഭിക്കും.