അങ്കമാലി: മകന്റെ കുത്തേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. അങ്കമാലി നായത്തോട് പുതുശ്ശേരി വീട്ടിൽ പരേതനായ ഏല്യാസിന്റെ (കുഞ്ഞുമോൻ) ഭാര്യ മേരിയാണ് (52) ഞായറാഴ്ച രാവിലെ മരിച്ചത്. ആഗസ്റ്റ് ഒന്നിനായിരുന്നു സംഭവം. മകൻ കിരണിനെ (27) സംഭവ ദിവസംതന്നെ അറസ്റ്റ് ചെയ്തിരുന്നു. ആലുവ സബ് ജയിലിൽ റിമാൻഡിലാണ്.
പിതാവിന്റെ മരണത്തിനുശേഷം ലഹരിക്കടിപ്പെട്ട കിരൺ നിരന്തരം മേരിയുമായി വഴക്കിടുകയും പലപ്പോഴും ഉപദ്രവിക്കുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സൗത്ത് നായത്തോട് കവലയിലെ ചുമട്ടുതൊഴിലാളി യൂനിയൻ സെക്രട്ടറിയായ കിരൺ അടിപിടി, മാല മോഷണക്കേസുകളിലും ഉൾപ്പെട്ട് ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. ആഴത്തിൽ കുത്തേറ്റതിനാൽ കുടൽമാല പുറത്തുചാടി. സംഭവം നടന്നപ്പോൾ പതിവായി ബഹളമുണ്ടാകുന്നതിനാൽ സമീപവാസികളും ഗൗനിച്ചില്ല. കിരൺതന്നെ മേരിയെ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വയറിന് ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു. തലക്കേറ്റ പരിക്കും ഗുരുതരമായതിനാൽ ഉടൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതിതീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നതിനിടെയാണ് മേരി മരിച്ചത്.
മകൾ: നീതു. മരുമക്കൾ: സന്ദീപ്, സ്നേഹ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് അകപ്പറമ്പ് മാർ ശാബോർ അഫറോത്ത് കത്തീഡ്രൽ വലിയപള്ളി സെമിത്തേരിയിൽ.