കടുങ്ങല്ലൂർ: മുപ്പത്തടം - എടയാർ റോഡിൽ മുതുകാട് ക്ഷേത്രത്തിന് സമീപം സ്കൂട്ടർ യാത്രികനായ യുവാവ് സ്വകാര്യ ബസ് കയറി മരിച്ചു. ഏലൂക്കര ലക്ഷംവീട് കോളനിയിൽ വാടകക്ക് താമസിക്കുന്ന തായിക്കാട്ടുകര മാന്ത്രക്കൽ തണ്ടുപുരക്കൽ വീട്ടിൽ കൊച്ചുണ്ണിയുടെ മകൻ നിജിലാണ് (22) മരിച്ചത്. അവിവാഹിതനായ നിജിൽ പെയിന്റിങ്ങ് തൊഴിലാളിയാണ്. ഞായറാഴ്ച ഉച്ചക്ക് 11ഓടെയായിരുന്നു അപകടം. നിജിൽ സഞ്ചരിച്ച സ്കൂട്ടർ ചരലിൽ കയറി മറിഞ്ഞ് എടയാർക്ക് പോകുകയായിരുന്ന ബസിൽ തട്ടി പിൻ ഭാഗത്തെ ടയറിനടിയിലേക്ക് വീണു. ഓടിക്കൂടിയ നാട്ടുകാർ ഉടൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലു മരണം സംഭവിച്ചിരുന്നു. ആലുവ ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മാതാവ്: റഷീദ. സഹോദരി: നിഷ.