നെടുങ്കണ്ടം: കല്ലാർ പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം മൂന്നാം നാൾ കണ്ടെത്തി. നെടുങ്കണ്ടം ആലുംമൂട്ടില്‍ നസീറിന്റെ മകന് അജ്മലാണ് (13) മരിച്ചത്. നെടുങ്കണ്ടം ഗവ. ഹൈസ്കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയാണ്. തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിയോടെ കാണാതായ അജ്മലിനുവേണ്ടി തിരച്ചില്‍ തുടരുന്നതിനിടെയാണ് ബുധനാഴ്ച ഉച്ചയോടെ ക്ഷേത്രത്തിനു സമീപത്തുനിന്ന് കണ്ടെത്തിയത്. സ്വതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്കെടുത്ത ശേഷം കല്ലാറിനു സമീപം പതിനഞ്ചില്പടിയില് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാൻ എത്തിയതായിരുന്നു. ഒഴുക്കിൽപെട്ട അജ്മലിനെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുകള്‍ പുഴയില്‍ ഇറങ്ങി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. നെടുങ്കണ്ടം അഗ്നിരക്ഷാ സേനാംഗങ്ങളും മുങ്ങൽ വിദഗ്ധരും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് മൂന്നുദിവസമായി തിരച്ചില്‍ നടത്തിയത്. ചൊവ്വാഴ്ച കല്ലാർ പുഴയിൽ വലകെട്ടിയിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം പൊതുദർശനത്തിനുശേഷം ഖബറടക്കി. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ ജങ്ഷനില്‍ ബിസിനസ് ചെയ്യുകയാണ് പിതാവ്. മാതാവ്: സലീന. സഹോദരങ്ങൾ: ആസിഫ്, അന്‍സില്‍.