കോട്ടയം: നാഷനൽ കാഡറ്റ്സ് കോർപസ് (എൻ.സി.സി) കോട്ടയം ഗ്രൂപ് കമാന്‍ഡർ വൈക്കം ചാലപ്പറമ്പ് ‘സംസ്കൃതി’യില്‍ ബ്രിഗേഡിയര്‍ എം. നരേന്ദ്രനാഥ് സാജനെ (എം.എന്‍. സാജന് -54) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കഞ്ഞിക്കുഴിയിലെ എൻ.സി.സി ഗ്രൂപ് ഹെഡ്ക്വാർട്ടേഴ്സിലെ ഗെസ്റ്റ് റൂമിലാണ് മൃതദേഹം കണ്ടത്. ബുധനാഴ്ച രാവിലെ 10.30ഓടെയായിരുന്നു സംഭവം. വൈക്കത്തെ വീട്ടില്‍നിന്ന് ദിവസവും ഓഫിസിലേക്ക് പോയിവന്നിരുന്ന സാജൻ, ബുധനാഴ്ച രാവിലെ 10ന് പതിവുപോലെയെത്തി. തുടർന്ന് യൂനിഫോം ധരിക്കാൻ ഓഫിസേഴ്സ് മെസിലെ ഗെസ്റ്റ് റൂമിലേക്ക് പോകുകയായിരുന്നു. ദിവസേനയുള്ള കോണ്‍ഫറന്‍സ് തുടങ്ങേണ്ട സമയമായിട്ടും ഇദ്ദേഹം എത്തിയില്ല. തുടർന്ന് സഹപ്രവർത്തകർ ഫോണില്‍ വിളിച്ചെങ്കിലും എടുത്തില്ല. മെസ് ജീവനക്കാർ മുറിയുടെ കതകിൽ തട്ടിയിട്ടും പ്രതികരണമുണ്ടായില്ല. ഇതോടെ പിന്നിലെ വാതിൽ തകർത്ത് അകത്തുകയറിയപ്പോൾ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. കോട്ടയം ഈസ്റ്റ് പൊലീസും ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനൽകി. വിവിധ ജില്ലകളിലെ എൻ.സി.സിയുടെ എട്ട് ബറ്റാലിയനുകളുടെ ഗ്രൂപ് കമാന്‍ഡറായിരുന്നു സാജന്. ഷില്ലോങ്ങിലെ ഗുര്‍ഖ റൈഫിള്‍സില്‍ സെന്‍ട്രല്‍ കമാന്‍ഡന്റായിരുന്നു ഇദ്ദേഹം ഒരുവര്‍ഷം മുമ്പാണ് കോട്ടയം എൻ.സി.സിയിലെത്തിയത്. 2024ൽ വിരമിക്കേണ്ടതായിരുന്നു. ഭാര്യ: പ്രസീദ. മക്കള്‍: ഗായത്രി, പാര്‍വതി (വിദ്യാര്‍ഥികള്‍).