കൂത്താട്ടുകുളം: എം.സി റോഡിൽ കൂത്താട്ടുകുളം ടാക്സി സ്റ്റാൻഡിന് സമീപം ടോറസ് ഇടിച്ച് കാർ യാത്രികനായ മുംബൈയിലെ മലയാളി വ്യവസായി മരിച്ചു. കോട്ടയം മണിമല കരിക്കാട്ടൂർ ഏത്തക്കാട്ടിൽ വീട്ടിൽ ജിജോ മാത്യുവാണ് (38) മരിച്ചത്. ഒപ്പമുണ്ടായിരുന്ന കുണ്ടറ തടത്തുവില്ലയിൽ ഫാ. ബോബിൻ (31) പരിക്കുകളോടെ രക്ഷപ്പെട്ടു. കുടുംബസമേതം മുംബൈയിൽ താമസിക്കുന്ന ജിജോ അവിടെ സ്വന്തമായി വ്യവസായം നടത്തുകയാണ്. കോട്ടയത്തെ ബന്ധുവിന്റെ വീട്ടിലെ ചടങ്ങ് കഴിഞ്ഞ് മുംബൈക്ക് പോകാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയാണ് ജിജോ സഞ്ചരിച്ച കാറിൽ, മൂവാറ്റുപുഴ ഭാഗത്തുനിന്ന് പാറമണൽ കയറ്റി ആലപ്പുഴക്ക് പോയ ടോറസ് ഇടിച്ചത്. കാലടിയിൽനിന്ന് വാടകക്ക് എടുത്ത കാർ ഓടിച്ചത് ജിജോയാണ്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശത്തെ എൻജിൻ പൊട്ടിത്തകർന്ന് റോഡിൽ വീണു. സ്റ്റിയറിങ്ങിനിടയിൽ കുടുങ്ങി കിടക്കുകയായിരുന്നു ജിജോ. കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വ്യാഴാഴ്ച പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: നീനാ മാത്യു. മക്കൾ: ജോഹാൻ, ഹന്ന.