പൂച്ചാക്കൽ: പാണാവള്ളി നാൽപത്തെണ്ണീശ്വരം ക്ഷേത്രത്തിലെ വെടിമരുന്നുപുര തീപിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ മൂന്നാമത്തെയാളും മരിച്ചു. പാണാവള്ളി പഞ്ചായത്ത് 17ാം വാർഡ് വാലുമ്മേൽ പരേതനായ നാരായണന്റെ മകൻ വിഷ്ണുവാണ് (28) മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകീട്ടാണ് അന്ത്യം. സംസ്കാരം വെള്ളിയാഴ്ച വീട്ടുവളപ്പിൽ.
ഈമാസം എട്ടിനുണ്ടായ തീപിടിത്തത്തിൽ അഞ്ചുപേർക്കാണ് പരിക്കേറ്റത്. ഇതിൽ ഗുരുതരമായി പരിക്കേറ്റ പാണാവള്ളി പഞ്ചായത്ത് 17ാം വാർഡ് വാലുമ്മേൽ പരേതനായ രാജപ്പനാചാരിയുടെ മകൻ രാജേഷ് (41), ഏഴാംവാർഡ് മറ്റത്തിൽ വീട്ടിൽ എം.പി. തിലകൻ (55) എന്നിവർ പിറ്റേന്ന് മരിച്ചു. ഇതിന് പിന്നാലെയാണ് വിഷ്ണുവിന്റെ വേർപാട്.
ക്ഷേത്രത്തിൽ ഈ മാസം നടക്കുന്ന സപ്താഹത്തോടനുബന്ധിച്ച് പ്രത്യേക വഴിപാട് കൗണ്ടർ നിർമിക്കാനും പെയിന്റിങ് ഉൾപ്പെടെ അനുബന്ധ ജോലികൾ ചെയ്തവരുമാണ് അപകടത്തിൽപെട്ടത്.
കതിന നിറക്കാൻ സൂക്ഷിച്ച കരിമരുന്നിലേക്ക് വെൽഡിങ് റാഡിൽനിന്ന് തീപ്പൊരി വീണ് അപകടമുണ്ടായെന്നാണ് നിഗമനം. കതിനകൾ കൂട്ടമായി പൊട്ടുകയും കരിമരുന്നിന് തീപിടിക്കുകയുമായിരുന്നു. കതിനകൾ പൊട്ടിത്തെറിച്ച് കെട്ടിടം ഭാഗികമായി തകർന്നു. സംഭവുമായി ബന്ധപ്പെട്ട് ക്ഷേത്രം മാനേജർ കൊച്ചി പള്ളുരുത്തി എൻ.എസ്.എസ് സ്കൂൾ റോഡ് ഗോവിന്ദം ഉണ്ണികൃഷ്ണനെ (66) അറസ്റ്റ് ചെയ്തിരുന്നു. വിഷ്ണുവിന്റെ മാതാവ്: രാധ. സഹോദരി: കൃഷ്ണ.