നിലമ്പൂർ: കരിമ്പുഴ പാലത്തിന് സമീപം പുഴയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. നിലമ്പൂർ ചാലിൽ മണൂക്കാരൻ മണികണ്ഠന്റെ (55) മൃതദേഹമാണ് തിരച്ചിലിനിടെ എമർജൻസി റെസ്ക്യു ഫോഴ്സ് ആറാം നാൾ കണ്ടെടുത്തത്. മൈലാടി പാലത്തിന് സമീപം ചാലിയാർ പുഴയിലാണ് വെള്ളിയാഴ്ച ഉച്ചക്ക് ഒന്നോടെ മൃതദേഹം കണ്ടത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ഇയാളെ കാണാതായത്. കരിമ്പുഴ പാലത്തിൽ നിന്ന് ഒരാൾ പുഴയിൽ ചാടിയതായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിനിടെ പാലത്തിന് സമീപം ഷർട്ടും ടോർച്ചും മറ്റും കണ്ടെത്തിയിരുന്നു. തിരച്ചിലിൽ ഇ.ആർ.എഫിന് പുറമെ നിലമ്പൂർ പൊലീസും നാട്ടുകാരും പങ്കെടുത്തിരുന്നു. രണ്ടാം ദിവസത്തെ തിരച്ചിലിനിടയിൽ പുഴയിലെ കുത്തൊഴുക്കിൽ ഇ.ആർ.എഫ് നിലമ്പൂർ യൂനിറ്റിന്റെ രക്ഷാബോട്ട് പാറയിൽ ഇടിച്ചുതകർന്നു. പിന്നീട് ഇ.ആർ.എഫ് എടവണ്ണ യൂനിറ്റിന്റെ ബോട്ട് ഉപയോഗിച്ചാണ് തിരച്ചിൽ തുടർന്നത്. എമർജൻസി റെസ്ക്യു ഫോഴ്സ് അംഗങ്ങളും എടവണ്ണ സ്റ്റേഷനിലെ പൊലീസ് വളന്റിയറും നാട്ടുകാരുമാണ് വെള്ളിയാഴ്ച തിരച്ചിൽ നടത്തിയത്. മണികണ്ഠന്റെ ഭാര്യ: മിനി. മക്കൾ: മഞ്ജുഷ, ഷൈജു. മരുമകൻ: രജീഷ്.