നെടുങ്കണ്ടം: ചിന്നക്കനാലിൽ പൊള്ളലേറ്റ് കത്തിക്കരിഞ്ഞ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. 301 കോളനിയിൽ താമസിക്കുന്ന നിമ്മിയുടെ മകൻ തരുണാണ് (23) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആറരയോടെ ഇവർ താമസിക്കുന്ന വീടിന് പിൻവശത്തെ ജനലിൽ അരയിൽ ഇരുമ്പ് തുടൽകൊണ്ട് ബന്ധിച്ച നിലയിലാണ് കണ്ടെത്തിയത്. തരുണിന്റെ അമ്മ പുറത്തേക്ക് പോയപ്പോഴാണ് സംഭവം. മുത്തശ്ശി അമ്മിണി വീട്ടിലുണ്ടായിരുന്നെങ്കിലും പ്രായാധിക്യംമൂലം പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല.
മരണത്തിൽ ദുരൂഹതയുള്ളതിനാൽ വീട്ടിലും പരിസരത്തും ശാന്തൻപാറ പൊലീസ് വിശദമായ പരിശോധന നടത്തി. ശനിയാഴ്ച ഫോറൻസിക് പരിശോധനക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.