കൊച്ചി: ഒന്നരവയസ്സുള്ള പേരക്കുട്ടിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി ലോഡ്ജിൽ കുഴഞ്ഞുവീണ് മരിച്ചു. അങ്കമാലി പാറക്കടവ് വട്ടപറമ്പ് പൊന്നാടത്ത് കൊച്ചുത്രേസ്യ എന്ന പി.എം. സിപ്സിയാണ് (50) പള്ളിമുക്കിലെ ലോഡ്ജിൽ 22ന് രാത്രി മരിച്ചത്. കേസിലെ മറ്റൊരു പ്രതിയായ ജോൺ ബിനോയി ഡിക്രൂസിനൊപ്പം പള്ളിമുക്കിലെ ലോഡ്ജിലെത്തിയ സിപ്സി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി. മാർച്ച് എട്ടിനാണ് കലൂരിലെ ഹോട്ടൽ മുറിയിൽ സിപ്സിയുടെ പേരക്കുട്ടിയായ ഒന്നരവയസ്സുകാരി നോറ മരിയ കൊല്ലപ്പെട്ടത്. സിപ്സിയുടെ കാമുകനായ ജോൺ ബിനോയ് ഡിക്രൂസാണ് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നതെന്നായിരുന്നു പൊലീസ് കണ്ടെത്തിയത്. ഇയാളെയും സിപ്സിയെയും പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായിരുന്ന സിപ്സി അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.