പൂക്കോട്ടൂര്‍: കിണറിന് സംരക്ഷണഭിത്തി നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു. വള്ളുവമ്പ്രം മുസ്ലിയാര് പീടിക പാങ്ങോട്ടില്‍ ആനക്കണ്ടില്‍ വീട്ടില്‍ പരമേശ്വരനാണ് (55) മരിച്ചത്. വീട്ടുവളപ്പിലെ കിണറിന് ആൾമറ കെട്ടുന്നതിനിടെ മണ്ണിടിഞ്ഞാണ് അപകടം. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് മലപ്പുറത്തുനിന്ന് എത്തിയ അഗ്നിരക്ഷാ സേനാംഗങ്ങള്‍ മണ്ണുനീക്കി ഇയാളെ പുറത്തെടുത്ത് അശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. രാവിലെ ഒമ്പതോടെ മഠത്തില്‍ അഹമ്മദിന്റെ വീട്ടുമുറ്റത്തെ പുതിയ കിണറിന് ആള്‍മറ കെട്ടുന്നതിന് മണ്ണെടുക്കുന്നതിനിടെയായിരുന്നു അപകടം. 30 അടി താഴ്ചയും 20 അടിയോളം വെള്ളവുമുള്ള കിണറ്റിലേക്കാണ് പരമേശ്വരന് വീണത്. കൂടെയുണ്ടായിരുന്ന ജോലിക്കാര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വെള്ളത്തിലേക്ക് താഴ്ന്നുപോവുകയായിരുന്നു. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ എത്തിച്ച മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു. ഭാര്യ: രാധ. മക്കള്‍: അക്ഷയ്, അര്ജുന്, അര്‍ച്ചന.