മാന്നാർ: ഒറ്റക്കു താമസിച്ചിരുന്ന മധ്യവയസ്കന്റെ മൃതദേഹം വീട്ടിനുള്ളിൽ പുഴുവരിച്ച നിലയിൽ കാണപ്പെട്ടു. മാന്നാർ കുരട്ടിശ്ശേരിപാവുക്കര രണ്ടാം വാർഡിൽ വിഷവർശ്ശേരിക്കര പൂരാലിൽ വീട്ടിൽ പരേതരായ ചോതിയുടെയും വെളുമ്പിയുടെയും ഏക മകനായ വിജയകുമാറിന്റെ (48) മൃതദേഹമാണ് കണ്ടെത്തിയത്. ചെറുപ്പത്തിലേ പിതാവും മൂന്നുവർഷം മുമ്പ് മാതാവും മരണമടഞ്ഞതോടെ ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന വിജയകുമാർ അവിവാഹിതനായിരുന്നു. മാന്നാർ ഗ്രാമപഞ്ചായത്തിലെ ആശ്രയ പദ്ധതിയിൽ അംഗമായിരുന്ന വിജയകുമാറിന് ഓണത്തിനോടനുബന്ധിച്ച് ഭക്ഷ്യക്കിറ്റ് നൽകുന്നതിന് വിവരം അറിയിക്കാൻ വീട്ടിലെത്തിയവർക്ക് അസഹ്യ ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്നാണ് മൃതദേഹം കണ്ടെത്തിയത്. മാന്നാർ പൊലീസും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി, മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലെ മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വെള്ളിയാഴ്ച പാവുക്കര പുലയർ കരയോഗ ശ്മശാനത്തിൽ സംസ്കരിക്കും.