മൂന്നാർ: പഴയ മൂന്നാറിൽ കാറിടിച്ച് മരം ഒടിഞ്ഞുവീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. കൊല്ലം പന്മന സ്വദേശി ലീൻബോയ് ഗ്രീഷ്യസാണ് (55) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാലിന് പഴയ മൂന്നാർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുന്നിലാണ് അപകടം. കുടുംബത്തോടൊപ്പം മൂന്നാർ സന്ദർശനത്തിനെത്തിയ യുവാവ് ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്. നിയന്ത്രണംവിട്ട കാർ പാതയോരത്തെ ഉണക്കമരത്തിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ മരം കടപുഴകി തട്ടുകടയിൽ ചായ കുടിച്ചുകൊണ്ടിരുന്ന ലീൻബോയിയുടെ ശരീരത്തേക്ക് വീഴുകയായിരുന്നു. ടാക്സി ഡ്രൈവറായ ഇദ്ദേഹം മൂന്നാറിലേക്ക് ഓട്ടം വന്നതാണ്. തലക്ക് ഗുരുതര പരിക്കേറ്റ ലീൻബോയ് ഗ്രേഷ്യസ് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.