കൂട്ടിലങ്ങാടി: പുതിയ വീട്ടിലേക്ക് താമസം മാറിയ ദിവസം ഗൃഹനാഥൻ ഓട്ടോ മറിഞ്ഞ് മരിച്ചു. കൂട്ടിലങ്ങാടി കടുകൂർ പുല്ലേങ്ങൽ സ്വദേശിയും ഇൻറലിജൻസ് ബ്യൂറോ മലപ്പുറം ഓഫിസ് ജീവനക്കാരനുമായ മുണ്ടോടൻ മൊയ്തീൻ കുട്ടി (58) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒമ്പതോടെ മലപ്പുറം മുണ്ടക്കോട് ജുമാമസ്ജിദിന് സമീപം വേട്ടേംകുന്നിലായിരുന്നു അപകടം. ദീർഘകാലമായി കൂട്ടിലങ്ങാടി കടുകൂരിൽ താമസിക്കുന്ന മൊയ്തീൻകുട്ടി മുണ്ടക്കോട്ട് പുതുതായി വാങ്ങിയ വീട്ടിലേക്ക് താമസം മാറ്റുന്നതിന്റെ ഗൃഹപ്രവേശ ചടങ്ങ് വ്യാഴാഴ്ച രാവിലെ നടത്തിയിരുന്നു. രാത്രി സ്വന്തം ഓട്ടോ ഓടിച്ച് വരുന്നതിനിടെ വീടിന് സമീപത്തെ ഇറക്കത്തിൽ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഉടൻ മലപ്പുറം സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മലപ്പുറം കോട്ടപ്പടി ഗവ. ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വെള്ളിയാഴ്ച ഉച്ചയോടെ മുണ്ടക്കോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. പിതാവ്: പരേതനായ മുണ്ടോടൻ മുഹമ്മദ്. മാതാവ്: കപ്രക്കാടൻ ആമിന. ഭാര്യ: ചാലിൽ സാജിദ (പനമ്പറ്റ). മക്കൾ: ഷമീന, സമീറ, മുഹമ്മദ് മുഹ്സിൻ, മുഹമ്മദ് മുനവ്വർ.