കൊച്ചി: ഗോശ്രീ പാലത്തിനോട് ചേർന്നുള്ള പ്രസ്റ്റീജ് ഫ്ലാറ്റിന് സമീപം കൊച്ചി കായലിൽ മൃതദേഹം കണ്ടെത്തി. ഏറ്റുമാനൂർ സ്വദേശി ഷിബി കെ. ദേവസ്യയുടെ (41) മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയോടെ ക്ലബ് റോഡ് ഫയർ അഗ്നിരക്ഷാസേനയും മുളവുകാട് പൊലീസും ചേർന്നാണ് മൃതദേഹം കരക്കെത്തിച്ചത്. മൃതദേഹത്തിന് അധികദിവസത്തെ പഴക്കമില്ലെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച വൈകുന്നേരത്തോടെ ഗോശ്രീ ഒന്നാം പാലത്തിൽനിന്ന് അജ്ഞാതൻ കായലിലേക്ക് ചാടിയിരുന്നു എന്ന വിവരം ലഭിച്ചിരുന്നു. ഇയാളുടെ മൃതദേഹമാണ് ലഭിച്ചതെന്ന് ആദ്യം സംശയിച്ചിരുന്നെങ്കിലും അല്ലെന്നാണ് പൊലീസ് നിഗമനം. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനുശേഷം ശനിയാഴ്ച ബന്ധുക്കൾക്ക് കൈമാറും.