കോതമംഗലം: കാണാതായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെല്ലിമറ്റം പുലിയൻപാറ അറയ്ക്കൽ ജോസഫിന്റെ മകൻ ബൈജുവാണ് (48) മരിച്ചത്. വീടിന് പിന്നിലെ വിജനമായ സ്ഥലത്തെ പഴകിയ കെട്ടിടത്തിലാണ് മൃതദേഹം കണ്ടത്. അഴുകിത്തുടങ്ങിയ നിലയിലായിരുന്നു. ബൈജുവിനെതിരായ പരാതിയിൽ ആലുവ സൈബർ സെല്ലിലെ പൊലീസുകാർ തിങ്കളാഴ്ച വീട്ടിലെത്തി അന്വേഷണം നടത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ സ്റ്റേഷനിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് മടങ്ങിയത്. തുടർന്നാണ് ഇയാളെ കാണാതായത്. തിങ്കളാഴ്ച രാത്രി മുഖം മൂടി ധരിച്ചെത്തിയവർ വീട്ടിൽനിന്നു മകനെ തട്ടിക്കൊണ്ടു പോയെന്ന് ബൈജുവിന്റെ അമ്മ ഫിലോമിന ഊന്നുകൽ പൊലീസിൽ പരാതി നൽകിയിരുന്നു. തട്ടിക്കൊണ്ടു പോയവർ മകനെ കൊലപ്പെടുത്തിയെന്നാണ് ഫിലോമിനയുടെ ആരോപണം. മൂവാറ്റുപുഴ ഡിവൈ.എസ്.പി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ പൊലീസും ശാസ്ത്രീയാന്വേഷണ വിഭാഗവും സ്ഥലത്ത് എത്തി പരിശോധന നടത്തി. മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി.
പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.