പിറവം: കഴിഞ്ഞ ദിവസം പിറവം ബസ് സ്റ്റാൻഡിൽ കുഴഞ്ഞുവീണ് മരിച്ച വയോധികനെ തിരിച്ചറിഞ്ഞില്ല. ഇയാൾ ഇടുക്കി സ്വദേശിയാണെന്ന് സൂചനയുണ്ട്. 75 വയസ്സ് തോന്നിക്കുന്ന ഇയാൾ ആറുവർഷമായി പിറവം പട്ടണത്തിലെ തെരുവോരങ്ങളിൽ അന്തിയുറങ്ങുകയാണ് പതിവ്. തിരിച്ചറിയൽ രേഖകൾ കണ്ടെത്തിയിട്ടില്ല. കരിങ്കൽ തൊഴിലറിയാവുന്ന ഇദ്ദേഹം കയ്യാല കെട്ടാനും മറ്റ് കരിങ്കൽപണികളും ചെയ്താണ് ജീവിച്ചിരുന്നത്. ആധാർ കാർഡോ മറ്റ് തിരിച്ചറിയൽ രേഖകളൊന്നും കൈയിലുണ്ടായിരുന്നില്ലെന്ന് മുൻ കൗൺസിലറും ജനതാദൾ ജില്ല സെക്രട്ടറിയുമായ സോജൻ ജോർജ് പറഞ്ഞു. കഴിഞ്ഞ വർഷം കോവിഡ് പ്രതിരോധ വാക്സിൻ എടുക്കാൻ പിറവം താലൂക്ക് ആശുപത്രിയിൽ പേര് രജിസ്റ്റർ ചെയ്തതിൽ തന്റെ ഫോൺ നമ്പറാണ് കൊടുത്തിരുന്നതെന്നും സോജൻ പറയുന്നു. മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തെരുവിലുറങ്ങുന്നവരെ കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിന് നഗരസഭ നടത്തിയ സർവേയിലെ മൂന്നുപേരിൽ ഒരാൾ ഇദ്ദേഹമായിരുന്നു