മാനന്തവാടി: വാഹനം കഴുകുന്നതിനിടെ ടിപ്പർ ഡ്രൈവർ വൈദ്യുതാഘാതമേറ്റ് മരിച്ചു. ഒഴക്കോടി മുള്ളത്തിൽ ബിജുവാണ് (43) മരിച്ചത്. തവിഞ്ഞാൽ തണ്ടേക്കാട് ക്രഷറിൽവെച്ച് ടിപ്പർ കഴുകുന്നതിനിടെ കാർ വാഷിങ് പമ്പിലേക്കുള്ള വയറിലെ സ്വിച്ചിൽനിന്ന് വൈദ്യുതാഘാതമേറ്റതായാണ് സൂചന. നിലത്തു വീണുകിടന്ന ബിജുവിനെ ക്രഷറിലെ തൊഴിലാളികൾ മാനന്തവാടി വയനാട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കെ.എസ്.ഇ.ബി അധികൃതർ അപകടം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തി. പമ്പിലേക്കുള്ള വയർ കണക്ട് ചെയ്ത സ്വിച്ചിൽ വൈദ്യുതി ലീക്കുണ്ടായിരുന്നതായി പരിശോധനയിൽ വ്യക്തമായതായി സൂചനയുണ്ട്. ഇതിൽനിന്നായിരിക്കാം അപകടം സംഭവിച്ചതെന്നാണ് അനുമാനം. ചന്ദ്രന്റെയും വസന്തയുടെയും മകനാണ് ബിജു. ബിന്ദുവാണ് ഭാര്യ. മാനന്തവാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയായ നന്ദന, മാനന്തവാടി എൽ.എഫ് യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയായ യദുനന്ദൻ എന്നിവർ മക്കളാണ്.