പെരുമ്പാവൂർ: സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികൻ തൽക്ഷണം മരിച്ചു. അശമന്നൂർ പനിച്ചയം താഴത്തേക്കുടി വീട്ടിൽ നാണപ്പന്റെ മകൻ സന്തോഷാണ് (47) മരിച്ചത്. ബുധനാഴ്ച വൈകീട്ട് 6.30ന് കുറുപ്പംപടി എം.ജി.എം ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ വളവിലാണ് സംഭവം. മാർബിൾ പണിക്കാരനായ സന്തോഷ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പോത്താനിക്കാട് നിന്നും പെരുമ്പാവൂരിലേക്ക് പോകുകയായിരുന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന സന്തോഷിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ സന്തോഷിന്റെ തലയിലൂടെ ബസ് കയറി. ഭാര്യ: അമ്പിളി. മക്കൾ: സഞ്ജയ്, മീനാക്ഷി (വിദ്യാർഥികൾ).