കളമശ്ശേരി: ദേശീയപാതയിൽ അധ്യാപിക ഓടിച്ച കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. എസ്.സി.എം.എസ് കോളജ് സ്കൂൾ ഓഫ് ടെക്നോളജി മാനേജ്മെന്റലെ ബി.ബി.എ രണ്ടാംവർഷ വിദ്യാർഥി സോൻസ് ആന്റണി സജി (19) ആണ് മരിച്ചത്. ദേശീയപാതയിൽ വെള്ളിയാഴ്ച രാവിലെ 7.50ന് എസ്.എസ്.സി.എം.എസിന് സമീപം പാലത്തിനടുത്താണ് അപകടം. ആലുവ ഭാഗത്തുനിന്ന് വന്ന ഇതേ കോളജിലെ എം.സി.എ അധ്യാപിക സുധ ഓടിച്ച കാർ പാലത്തിൽനിന്ന് കോളജിലേക്ക് പ്രവേശിക്കുന്നതിനായി യു ടേൺ തിരിക്കുന്നതിനിടെ ബൈക്കിടിച്ചാണ് അപകടമെന്ന് പൊലീസ് പറഞ്ഞു. ഇടിയിൽ ബൈക്ക് റോഡരികിലെ സംരക്ഷണകുറ്റി തകർത്ത് 15 അടിയോളം താഴ്ചയിലേക്ക് വീണു. ദേഹാസകലം പരിക്കേറ്റ വിദ്യാർഥിയെ ഓടിയെത്തിയ കോളജിലെ മറ്റു വിദ്യാർഥികളും അധ്യാപികയും ചേർന്ന് കളമശ്ശേരി ഗവ. മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരിച്ചു.
വട്ടേക്കുന്നത്ത് താമസിക്കുന്ന വിദ്യാർഥി കോളജിലെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ വരുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. പത്തനംതിട്ട, നന്നുവക്കാട് പുതുപ്പറമ്പിൽ പി.എ. സജിമോൻ(കുട്ടപ്പായി) ഷീജ ദമ്പതികളുടെ മകനാണ് സോൻസ് ആന്റണി സജി. സംസ്കാരം ശനിയാഴ്ച മൂന്നു മണിക്ക് പത്തനംതിട്ടയിൽ നടക്കും.