പറവൂർ: സി.പി.എം ചേന്ദമംഗലം ലോക്കൽ കമ്മിറ്റി ഓഫിസിന് മുന്നിൽ പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ട്യാത്തോപ്പ് വാടപ്പുറത്ത് കൃഷ്ണൻ-ജാനകി ദമ്പതികളുടെ മകൻ ബിജുവാണ് (46) മരിച്ചത്. ശനിയാഴ്ച രാത്രി ഇയാൾ ഓഫിസിന് മുന്നിൽ ഇരിക്കുന്നത് കണ്ടിരുന്നു. നേരം വൈകിയിട്ടും വീട്ടിൽ പോകാതായപ്പോൾ കാര്യം തിരക്കി. കുറച്ചുനേരം കഴിഞ്ഞ് പൊയ്ക്കൊള്ളാമെന്ന് ഇയാൾ അറിയിച്ചതോടെ പ്രവർത്തകർ പാർട്ടി ഓഫിസ് അടച്ചുപോയി. രാത്രി വീട്ടിൽ എത്താതിരുന്നതിനാൽ അന്വേഷിച്ച് ഇറങ്ങിയ സഹോദരനാണ് ഞായറാഴ്ച രാവിലെ ആറരയോടെ ബിജു പാർട്ടി ഓഫിസിന് മുന്നിൽ മരിച്ചുകിടക്കുന്ന് കണ്ടത്. പൊലീസ് മേൽനടപടി സ്വീകരിച്ചു. പറവൂർ ഫിഷറീസ് ഓഫിസിൽ താൽക്കാലിക ജീവനക്കാരനായിരുന്നു.