അമ്പലപ്പുഴ: കാലിൽ കയർ കുരുങ്ങി കടലിൽ വീണ മത്സ്യത്തൊഴിലാളി മരിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 14ാം വാർഡ് കോമന പുതുവൽ വീട്ടിൽ സന്തോഷാണ് (40) മരിച്ചത്. കച്ചേരിമുക്കിന് സമീപത്തെ എ.ടി.എം ജങ്ഷന് പടിഞ്ഞാറുഭാഗത്ത് തിങ്കളാഴ്ച വൈകീട്ട് നാലിനാണ് സംഭവം. മത്സ്യബന്ധനത്തിനിടെയുണ്ടായ ശക്തമായ കാറ്റിനെത്തുടർന്ന് വള്ളം തീരത്തടുപ്പിക്കാൻ സന്തോഷും സഹപ്രവർത്തകരും ശ്രമിച്ചു. ഇതിനായി കയറുമായി ബന്ധിപ്പിച്ച ആങ്കർ വള്ളത്തിൽനിന്ന് സഹപ്രവർത്തകർക്ക് എറിഞ്ഞു കൊടുക്കുന്നതിനിടെ സന്തോഷിന്റെ കാലിൽ കുരുങ്ങി കടലിൽ വീഴുകയായിരുന്നു. കൂടെണ്ടായിരുന്ന ആറോളം മത്സ്യത്തൊഴിലാളികളും വിവരമറിഞ്ഞെത്തിയ തോട്ടപ്പള്ളി കോസ്റ്റൽ പൊലീസും നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലിനിടെ 5.45 ഓടെ സന്തോഷിനെ കണ്ടെത്തി. ഏറെ അവശനിലയിലായ സന്തോഷിനെ കരയിലെത്തിച്ച് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: സൂര്യ. മക്കൾ: ഐശ്വര്യ, സങ്കീർത്തന.