തിരുവല്ല: ടി.കെ. റോഡിലെ തോട്ടഭാഗത്ത് കാറിലിടിച്ച് നിയന്ത്രണം വിട്ട ഓട്ടോ ബസിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഓട്ടോ ഡ്രൈവർ ഇരവിപേരൂർ മേപ്പുറത്ത് വീട്ടിൽ മോഹൻ കുമാറാണ് (56) മരിച്ചത്. ഓട്ടോയിൽ ഉണ്ടായിരുന്ന അന്തർ സംസ്ഥാന തൊഴിലാളികളായ മൂന്നുപേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ തോട്ടഭാഗം ജങ്ഷന് സമീപമാണ് സംഭവം. ടി.കെ. റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന കാറിൽ കോഴഞ്ചേരി ഭാഗത്തുനിന്ന് വന്ന ഓട്ടോ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ എതിർദിശയിൽനിന്ന് വന്ന ബസിൽ ഇടിച്ചു. അപകടത്തിൽ പരിക്കേറ്റവരെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.