കാഞ്ഞിരപ്പള്ളി: ബൈക്ക് യാത്രികൻ അപകടത്തിൽ മരിച്ചു. കാഞ്ഞിരപ്പള്ളി മാനിടംകുഴി താവൂർ വീട്ടിൽ പരേതനായ വിജയൻ-തങ്കമണി ദമ്പതികളുടെ മകൻ അനന്തുവാണ് (32) മരിച്ചത്. തിങ്കളാഴ്ച പുലർച്ച ആറ് മണിയോടെ കാഞ്ഞിരപ്പള്ളി കാളകെട്ടി ഷാപ്പുപടിയിലാണ് സംഭവം. കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റൂട്ടിൽ സർവിസ് നടത്തുന്ന ഫാത്തിമ എന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ് അനന്തു. രാവിലെ ജോലിക്ക് പോകുമ്പോഴാണ് അപകടം. കാൽനടയാത്രികരെ ഇടിച്ചിട്ട ബൈക്ക് നിയന്ത്രണംവിട്ട് എതിരെവന്ന കാറിൽ ഇടിക്കുകയായിരുന്നു. കാൽനട യാത്രികരായ കാളകെട്ടി അടിവാരത്ത് ബേക്കറി ഉടമയായ ഈറ്റത്തോട് സാബുവിനും ഭാര്യക്കും പരിക്കേറ്റിട്ടുണ്ട്. അനന്തുവിന്റെ ഭാര്യ: ആതിര. സഹോദരൻ: അരവിന്ദ്.